കിട്ടുണ്ണിച്ചേട്ടനും സ്പർക്കി ബൾബും
കിട്ടുണ്ണിച്ചേട്ടൻ്റെ വീട്ടിൽ സ്പാർക്കി എന്ന് പേരുള്ള ഒരു ചെറിയ ബൾബ് താമസിച്ചിരുന്നു. രാത്രിയായാൽ കിട്ടുണ്ണിച്ചേട്ടൻ്റെ വീട്ടിൽ വെളിച്ചം വിതറുന്നത് ആ ചെറിയ ബൾബ് സ്പാർക്കി ആയിരുന്നു. താൻ ഒരു ദിവസം കത്തിയില്ലെങ്കിൽ കിട്ടുണ്ണിച്ചേട്ടനും കുടുംബവും ഇരുട്ടിൽ ആകുമെന്ന് സ്പാർക്കി കരുതി.
തൻ്റെ പ്രാധാന്യം കിട്ടുണ്ണിച്ചേട്ടനെ പഠിപ്പിക്കാനായി സ്പാർക്കി ഒരു കാര്യം തീരുമാനിച്ചു. " ഇനി മുതൽ കുറച്ചു നാളത്തേക്ക് ഞാൻ കത്തുന്നില്ല. കിട്ടുണ്ണിച്ചേട്ടൻ എന്ത് ചെയ്യുമെന്ന് കാണട്ടെ!"
പതിവുപോലെ അന്നു രാത്രിയും കിട്ടുണ്ണിച്ചേട്ടൻ ലൈറ്റ് തെളിയിക്കാനായി സ്വിച്ചിട്ടു. പക്ഷെ കിട്ടുണ്ണിച്ചേട്ടനെ അത്ഭുതപ്പെടുത്തിക്കൊണ്ട്, സ്പാർക്കി പ്രകാശിക്കാതെ നിന്നു കിട്ടുണ്ണിച്ചേട്ടൻ സ്പാർക്കിയുടെ അടുത്ത് വന്ന് ചോദിച്ചു: "സ്പാർക്കീ... സ്പാർക്കീ... എന്തേ നീ ഇനിയും കത്താത്തെ?" സ്പാർക്കി മിണ്ടിയില്ല.
രണ്ടാമത്തെ ദിവസവും രാത്രിയായപ്പോൾ കിട്ടുണ്ണിച്ചേട്ടൻ വന്നു ചോദിച്ചു: "നീ വെളിച്ചം തന്നില്ലെങ്കിൽ ഈ വീട് ഇരുട്ടിൽ ആകുമെന്ന് നിനക്ക് അറിയില്ലേ? എന്തുപറ്റി സ്പാർക്കി നിനക്ക്?"
സ്പാർക്കി മറുപടിയൊന്നും പറഞ്ഞില്ല.
കിട്ടുണ്ണിച്ചേട്ടൻ വീണ്ടും വീണ്ടും ശ്രമിച്ചു, പക്ഷേ എന്ത് ചെയ്തിട്ടും സ്പാർക്കി പ്രതികരിച്ചില്ല. കിട്ടുണ്ണിച്ചേട്ടൻ ആശങ്കയിലായി. "ഇതിന് ഒരു പരിഹാരം കാണണം!"
മൂന്നാം ദിവസവും കിട്ടുണ്ണിച്ചേട്ടൻ സ്പാർക്കിയോട് പ്രകാശിക്കാൻ അപേക്ഷിച്ചു. എന്നാൽ തന്റെ പതിവ് കടമ നിറവേറ്റാൻ വിസമ്മതിച്ച് സ്പാർക്കി നിശബ്ദനായി.
കിട്ടുണ്ണിച്ചേട്ടൻ സ്പാർക്കിയെ അവന്റെ സ്ഥലത്ത് നിന്ന് ഊരിയെടുത്തു, പകരം ഒരു പുതിയ ബൾബ് വച്ചു. പുതിയ ബൾബ് മുറിയിൽ പ്രകാശം പരത്തിയപ്പോൾ കിട്ടുണ്ണിച്ചേട്ടന് ആശ്വാസമായി.
"ഒരു ഉപകാരവും ഇല്ലാത്ത സ്പാർക്കിയെ ഇനി കുപ്പത്തൊട്ടിയിൽ കളയാം". കിട്ടുണ്ണിച്ചേട്ടൻ പറഞ്ഞു.
താൻ ചെയ്ത തെറ്റ് സ്പാർക്കിക്ക് മനസ്സിലായി. "നമ്മൾ ചെയ്യേണ്ട കടമ ചെയ്തില്ലെങ്കിൽ അതു ചെയ്യാൻ നമ്മളേക്കാൾ മിടുക്കരായ വേറെ ആൾ വരും."
Comments
Post a Comment