അവൾ
ഞാനും ആ പെൺകുട്ടിയും ഒരേ ബസ്സിൽ ആയിരുന്നില്ല വരുന്നതും പോകുന്നതും. ആ സമയത്തെ ബസ്സിലെ തിരക്ക് എന്ന് പറഞ്ഞാൽ ഊഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു. എന്നിട്ടും എങ്ങനെയൊക്കെയോ ഞങ്ങൾ പരസ്പരം കണ്ടു. അവളുടെ കോളേജ് കഴിയുന്നത് ഉച്ചക്ക് രണ്ടരക്ക് ആണ് എന്ന് ഞാൻ മനസ്സിലാക്കി. ശേഷം അവളെ കാണാൻ വേണ്ടി മാത്രം എൻ്റെ അവസാനത്തെ അവർ കട്ട് ചെയ്ത് കോളേജിൽ നിന്ന് ഇറങ്ങുമായിരുന്നു. എന്നിട്ട് അവളുടെ കോളേജിൻ്റെ ബസ്സ് സ്റ്റോപ്പ് വരെ നടന്നു പോകും എന്നിട്ട് അവളുടെ ഒപ്പം ബസ്സ് കാത്തു നിൽക്കും. ഒരുമിച്ച് ബസ്സിൽ കയറും. ഇതെല്ലാം ചെയ്യുമ്പോൾ ഞാൻ അവളെ തന്നെ നോക്കിക്കൊണ്ടിരിക്കും. ഇങ്ങനെ ഒന്ന് രണ്ടു ദിവസം ചെയ്തപ്പോൾ അവൾ എന്നെ ശ്രദ്ധിക്കാൻ തുടങ്ങി. ഒരു ദിവസം അവളെ നോക്കി നിൽക്കവേ അവൾ എന്നെ രൂക്ഷമായി ഒന്ന് നോക്കി , എന്നിട്ട് അവളുടെ കൂട്ടുകാരിയോട് എന്തോ പറഞ്ഞു. കൂട്ടുകാരിയും എന്നെ രൂക്ഷമായി നോക്കി. എൻ്റെ അന്തക്കരണത്തിലൂടെ ഒരു കൊള്ളിയാൻ പോയത് പോലെ എനിക്ക് തോന്നി. ഇനി അവിടെ നിൽക്കുന്നത് പന്തിയല്ല എന്ന് മനസ്സിലാക്കിയ ഞാൻ ഉടനെ അടുത്ത ബസ്സ് സ്റ്റോപ്പിലേക്ക് പോയി അവിടെ നിന്നും ബസ്സ് പിടിച്ചു വീട്ടിലേക്ക് പോയി. പിന്നീട് എൻ്റെ കോളേജിലെ അവസാന അവർ കട്ട് ചെയ്യാതെ ഇരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു പോന്നു.
നാട്ടിൽ അറിയപ്പെടുന്ന ഒരു പാട്ടുകാരി ആയിരുന്നു അവൾ. അതുകൊണ്ടുതന്നെ അവളുടെ പേര് സംഘടിപ്പിക്കാൻ ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ല. ഇന്നാള് ഇൻസ്റ്റാഗ്രാം പ്രൊഫൈൽ അവൾ ലോക്ക് ചെയ്യുന്നത് വരെ ഫോട്ടോകളിലൂടെ ഞാൻ സ്റ്റാക്കിങ് ചെയ്യുമായിരുന്നു. ലൈക് ബട്ടനിലും ഫോളോ ബട്ടണിലും അറിയാതെ പോലും കൈ തട്ടാതെ ഇരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു, ഇനി എങ്ങാനും അവൾ എന്നെ തിരിച്ചറിഞ്ഞു അവളുടെ കെട്ടിയവനോട് അന്ന് അവളെ വായിനോക്കാൻ വന്ന എന്നെ പറ്റി എന്തെങ്കിലും പറഞ്ഞു കൊടുക്കുമോ എന്നും അതുകേട്ട് കെട്ടിയവൻ എന്നെ തല്ലാൻ വരുമോ എന്നും ഓർത്ത് ഞാൻ ഓവർ തിങ്കിങ് ചെയ്യാറുണ്ട്.
Comments
Post a Comment